ഞണ്ട് കൃഷിയിലെ നൂതന സാങ്കേതികവിദ്യകളും സംരംഭക സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി അടൽ ഇൻക്യുബേഷൻ സെന്റർ – കുഫോസിന്റെ ആഭിമുഖ്യത്തിൽ ചെളി ഞണ്ട് തടിപ്പിക്കലിലും (Mud Crab Fattening) സോഫ്റ്റ് ഷെൽ ക്രാബ് കൃഷിയിലും ദ്വിദിന പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. നവംബർ 18, 19 തീയതികളിൽ കുഫോസിലെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിന്റെ (RAS) സൗകര്യത്തിലാണ് പരിശീലനം നടന്നത്.
എഐസി-കുഫോസ് കൊച്ചി ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം. ഫാസിൽ സ്വാഗതം ആശംസിച്ചു. കുഫോസിലെ അക്വാകൾച്ചർ ഗവേഷകനും ഗസ്റ്റ് ഫാക്കൽറ്റി അംഗവും അക്വാപ്രണറുമായ ഡോ. നവീൻ നിവാസ് എസ്. പരിശീലനത്തിന് നേതൃത്വം നൽകി.
ഞണ്ടുകളുടെ തെരഞ്ഞെടുപ്പ്, ഗ്രേഡിംഗ്, നിക്ഷേപ രീതികൾ, തീറ്റക്രമം, ജലഗുണനിലവാര പരിപാലനം, ഞണ്ട് തടിപ്പിക്കൽ, പുറംതോട് മാറ്റം (മൗൾട്ടിംഗ്) നിയന്ത്രണം, സോഫ്റ്റ് ഷെൽ ക്രാബ് ഉൽപ്പാദനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗികവും സംവേദനാത്മകവുമായ പരിശീലനം നൽകി.
കൂടാതെ, ഞണ്ട് കൃഷിയിലെ ആരോഗ്യപരിപാലനം, ജൈവസുരക്ഷ, വിളവെടുപ്പ്, വിളവെടുപ്പാനന്തര പരിപാലനം, വിപണന സാധ്യതകൾ, സാമ്പത്തിക വശങ്ങൾ എന്നിവയും പരിചയപ്പെടുത്തി.പങ്കാളിത്തത്തിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും ഞണ്ട് കൃഷിയുടെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കുന്നതിനും ഈ മേഖലയിലെ സംരംഭക സാധ്യതകൾ തിരിച്ചറിയുന്നതിനും പരിപാടി അവസരമൊരുക്കി.മത്സ്യബന്ധന-അനുബന്ധ മേഖലകളിൽ നൂതനാശയങ്ങൾ, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എഐസി-കുഫോസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.








